തെരഞ്ഞെടുപ്പില്‍ ആറാം തവണയും ജയം; മണിക്കൂറുകള്‍ക്കകം ഛാഡ് പ്രസിഡന്റ് കൊല്ലപ്പെട്ടു; മകന്‍ ഇടക്കാല പ്രസിഡന്റ്

തെരഞ്ഞെടുപ്പില്‍ ആറാം തവണയും ജയം; മണിക്കൂറുകള്‍ക്കകം ഛാഡ് പ്രസിഡന്റ്  കൊല്ലപ്പെട്ടു; മകന്‍ ഇടക്കാല പ്രസിഡന്റ്

എന്‍ ജമീന: ആറാം തവണയും തുടര്‍ച്ചയായി തെരഞ്ഞെടുപ്പില്‍ ജയിച്ചതിനു പിന്നാലെ ഛാഡ് പ്രസിഡന്റ് ഇഡ്രിസ് ഡെബി വിമതരുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. മധ്യ ആഫ്രിക്കന്‍ രാജ്യമായ ഛാഡിനെ കഴിഞ്ഞ 30 വര്‍ഷമായി നയിക്കുകയായിരുന്ന ഡെബി വിമതരുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. അതിര്‍ത്തി കടന്ന് മുന്നേറിയ വിമതര്‍ക്കെതിരെ സൈന്യത്തെ നയിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിനു പരുക്കേറ്റത്. ഡെബിയുടെ മകന്‍ ജനറല്‍ മഹമ്മദ് ഇഡ്രിസിനെ ഇടക്കാല പ്രസിഡന്റായി തിരഞ്ഞെടുത്തതായി സൈനിക വക്താവ് അറിയിച്ചു.

ഏപ്രില്‍ പതിനൊന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ 79.3 ശതമാനം വോട്ടുനേടിയാണ് ഡെബി ആറാം തവണയും വിജയിച്ചത്. തിങ്കളാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഫലം പുറത്തു വിട്ടത്. 1990 ല്‍ നടന്ന കലാപത്തെത്തുടര്‍ന്നാണ് ഡെബി അധികാരമേറ്റത്. ആഫ്രിക്കയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭരണാധികാരികളില്‍ ഒരാളായിരുന്നു അദ്ദേഹം. നിരവധി അട്ടിമറി ശ്രമങ്ങളെയും കലാപങ്ങളെയും അതിജീവിച്ചു.

68 വയസുകാരനായ ഡെബി കൊല്ലപ്പെട്ട വിവരം ആര്‍മി വക്താവ് ജനറല്‍ അസെം ബെര്‍മെന്‍ഡാവോ അഗൗനയാണ് സ്ഥിരീകരിച്ചത്. സ്റ്റേറ്റ് ടെലിവിഷനിലാണ് പ്രസിഡന്റിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ മുന്നൂറോളം വിമതരെ വധിച്ചതായും ഛാഡ് ആര്‍മി വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി ആല്‍ബര്‍ട്ട് പഹിമി പഡാകേയാണ് തെരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയത്. 10.32 ശതമാനം വോട്ടുകള്‍ മാത്രമായിരുന്നു അദ്ദേഹം നേടിയത്. രാജ്യ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് സ്ഥാനാര്‍ഥി ലിഡീ ബിയാസെംഡ 3.16 ശതമാനം വോട്ടുകളുമായി മൂന്നാമതും എത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.